കോട്ടയം: പാമ്പാടിയിൽ പെട്രോൾ പമ്പിന് തൊട്ട് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ തീപിടുത്തം. ഹോട്ടലിലെയും പമ്പിലെയും ജീവനക്കാരുടെ സമയോചിതമായ ഇടപെടലിൽ വൻ അപകടം ഒഴിവായി.
വ്യാഴാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. പാമ്പാടി വട്ടമലപ്പടിയിൽ പ്രവർത്തിക്കുന്ന ഭാരത് പെട്രോളിയം പമ്പിന് തൊട്ട് സമീപത്തെ ഫുഡ് നോട്ട്സ് മന്തി ഡിലൈറ്റിലാണ് തീപിടുത്തമുണ്ടായത്.
തീയും പുകയും ഉയർന്നത് കണ്ട ഉടൻ തന്നെ ഹോട്ടലിലെയും പമ്പിലെയും ജീവനക്കാർ ചേർന്ന് അടുക്കളക്കുള്ളിലെ പാചക വാതക സിലണ്ടറുകൾ പുറത്തേക്ക് മാറ്റി. പിന്നാലെ പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
തീപിടുത്തം ഉണ്ടായ ഭാഗത്ത് നിരവധി വീടുകളും കടകളും ഉള്ളത് ആശങ്ക ഉയർത്തിയിരുന്നു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. ഹോട്ടലിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.